Sunday, November 13, 2016

സസ്യ ജാലങ്ങളിലെ കായിക മുറകള്‍-4

ബാര്‍ക്ക്‌ ഗ്രാഫ്ട്ടിംഗ് BARK GRAFTING

പലതരം ഒട്ടിക്കല്‍ രീതികള്‍ നാം കണ്ടു. ഓരോ സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിക്കാവുന്ന വിവിധ രീതികള്‍. ഒരു രീതി കൂടി ഇന്ന് പറയാം. അതാണ്‌ ബാര്‍ക്ക്‌ ഗ്രാഫ്ട്ടിംഗ് അഥവാ മരത്തൊലിയില്‍ ഒട്ടിക്കല്‍. നമ്മുടെ വീട്ടിലെ ഒരു മൂച്ചി വീണു. നൂറു കൊല്ലമായി നല്ല ഫലം തന്നിരുന്നു. ഇനിയെന്ത് ചെയ്യും ? ഒട്ടിക്കല്‍ രീതിയിലൂടെ അതിനെ പുനര്ജനിപ്പിക്കാം. നമ്മുടെ വീട്ടില്‍ അധികം ആരും ഇഷ്ടപ്പെടാത്ത ഒരു മാവുണ്ട്. ഒരു ഒട്ടുമരം ആക്കി, സ്വാദുള്ള മാങ്ങ കിട്ടുന്ന ഇനമാക്കി, അതിനെ മാറ്റാന്‍ ഈ രീതി ഉപയോഗിക്കാം. മരത്തിന്‍റെ പരുപരുത്ത കട്ടിയുള്ള തൊലിയില്‍ ചെയ്യുന്നതുകൊണ്ട് തൊലി പൊളിക്കാന്‍ ചുറ്റികയും ഉളിയും വേണം. ആദ്യമായി നല്ല ഇനം തലപ്പനെ സംഘടിപ്പിക്കുക.

മണ്ണിന്‍റെ തൊട്ടുമുകളിലുള്ള മരത്തടിയില്‍ ഉളിയും ചുറ്റികയും ഉപയോഗിച്ച് പൊളിച്ച് ആ വിടവില്‍ 8 ഇഞ്ച് നീളമുള്ള ചാട്ടകോല്‍പോലെ മുറിച്ചുണ്ടാക്കിയ തലപ്പനെ, അടിയില്‍ 'V' ആകൃതിയില്‍ ആപ്പ് പോലെ മുറിച്ച്, സാവധാനം തിരുകി വെക്കുക. ഒരേ തടിയില്‍ രണ്ടുതരം മാവിന്‍റെ തലപ്പനെ ഇതുപോലെ ഒട്ടിക്കാം. പൊളിച്ച തോല്‍ വീണ്ടും തടിയോടു അമര്ന്നിരിക്കാന്‍ ഒരു ചൂടിക്കയര്‍ കൊണ്ട് തടിക്കു ചുറ്റും മുറുക്കി കെട്ടുക. ഒട്ടു സന്ധിയിലേക്ക് കാറ്റും വെള്ളവും കയറാതിരിക്കാന്‍ കളിമണ്ണ്‍ കൊണ്ട് പൊതിയുക. അഞ്ചാറു ആഴ്ചകള്ക്കുള്ളില്‍ തലപ്പനില്‍ മുകുളങ്ങള്‍ പൊന്തിവരാന്‍ തുടങ്ങും. തലപ്പനില്‍ ധാരാളം ഇലകള്‍ വന്ന് ഒട്ടുസന്ധി ശരിയായി കൂടി എന്ന് ഉറപ്പു വന്നശേഷം തടിയുടെ മുകളിലുള്ള ഭാഗം വെട്ടി കളയാം. മരത്തെ ഈര്ച്ചവാളുകൊണ്ട് മുറിച്ചു തലപ്പന്‍ ഒട്ടിച്ചതിന്‍റെ വിപരീത ദിശയിലേക്കു വീഴ്ത്തണം. (അതുകൊണ്ട് തലപ്പന്‍ ഒട്ടിക്കുമ്പോള്‍ തടിയുടെ ഒരു വശത്ത്‌ മാത്രമേ ഒട്ടിക്കാവൂ).

ഒറ്റയടിക്ക് മുറിച്ചു വീഴ്ത്താതെ, മരത്തിന്‍റെ തലഭാഗം മുതല്‍ ചെറിയ കഷണങ്ങളാക്കി മുറിച്ചു മാറ്റിയാല്‍ ഒട്ടു സന്ധിക്ക് തീരെ ഇളക്കം വരാതെ നോക്കാന്‍ പറ്റും. രണ്ടുമൂന്നു വര്ഷം കൊണ്ട് ധാരാളം നല്ല മാങ്ങ തരുന്ന ഒരു വൃക്ഷമായി ഇത് മാറും. ഒട്ടിക്കല്‍ എന്ന കായികമുറയെ പറ്റിയുള്ള വിവരണങ്ങള്‍ ഇതോടെ അവസാനിപ്പിക്കുന്നു. ഇനിയും കുറെ രീതികള്‍ ഉണ്ടാവാം. ഒരിക്കല്‍ ഈ രീതിയുടെ ഗുട്ടന്സ് പിടി കിട്ടിയാല്‍ പിന്നെ ബാക്കി പല രീതികളും സ്വയം ചെയ്തു നോക്കാവുന്നതാണ്.

ഉദാഹരണത്തിന് ചുണ്ടയില്‍ solanaceous ജനുസ്സില്‍ പെട്ട തക്കാളി, വഴുതിന, മുളക് എന്നിവ ഒട്ടിക്കുന്നപോലെ cucurbitaceae ജനുസ്സില്‍ പെട്ട വെള്ളരിവര്ഗ വിളകളായ മത്തന്‍, പാവല്‍, വെള്ളരി, കക്കരി, പടവലം, കോവല്‍, കുമ്പളം എന്നിവ ചുരക്കയില്‍ ഒട്ടിക്കാം. അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം കൂടുതല്‍ വിളവു കിട്ടാന്‍ മാത്രമല്ല, വെള്ളകെട്ട്, വരള്ച, ബാക്ടീരിയല്‍ വാട്ടം എന്നിവയില്‍ നിന്നും ചെടിയെ രക്ഷിക്കാനും പറ്റും. താഴെ നിന്നും നല്ല വേരുപടലം വഴി മുകളിലോട്ടു വെള്ളവും പോഷകങ്ങളും തള്ളുന്നതുകൊണ്ട് ചെടി എന്നും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും.


No comments:

Post a Comment